Thursday, 30 July 2009

ദൈവക്കളി അവസാനിച്ചു.

കലാകൌമുദിയുടെ 1751ലക്കത്തില്‍ തുടങ്ങിയ ശ്രീ.ഇ.വി.ശ്രീധരന്റെ നോവല്‍ ‘ദൈവക്കളി’1768ലക്കത്തില്‍ അവസാനിച്ചു.
ഏറെക്കാലത്തിനു ശേഷം,അതായത് രണ്ടാമൂഴത്തിനു ശേഷം ഓരോ ആഴ്ചയും ആഴ്ചപ്പതിപ്പിനു വേണ്ടി വല്ലാത്തൊരു ഉള്‍ത്തുടിപ്പോടെ കാത്തിരുന്നത് ദൈവക്കളി വായിക്കാനായിരുന്നു.ചില നോവലുകള്‍ക്ക് അത്തരമൊരു വശീകരണശക്തിയുണ്ട്.അത് വായനക്കാരെ ആകര്‍ഷിച്ചടുപ്പിക്കും.എന്തുകൊണ്ടാണങ്ങനെ എന്നൊന്നും പറയാനാവില്ല.എന്നാല്‍ നോവലിന്റെ പ്രത്യേകത കൊണ്ടുതന്നെ എന്നതില്‍ സംശയമില്ല.
ആ നോവല്‍ അവസാനിക്കാതിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിച്ചു പോയി.ചാത്തോത്ത് ദേവി അസാധാരണമായൊരു കഥാപാത്രമാണ്.ഞാന്‍ വായിച്ചിട്ടുള്ള നോവലുകളിലൊന്നും ഇങ്ങനെയൊരു സ്ത്രീയെ കണ്ടിട്ടില്ല.ദൈവം ബാലകൃഷ്ണനു വേണ്ടി സൃഷ്ടിച്ച ദേവിയേടത്തിയെ അറിയുമ്പോള്‍ ബാലകൃഷ്ണനോട് കടുത്ത അസൂയ തോന്നുന്നു.
ഏതെങ്കിലും ഒരു നോവല്‍ വായിച്ച് അതിലെ ഒരു കഥാപാത്രം ഞാനായിരുന്നെങ്കിലെന്ന് ദൈവക്കളി വായിക്കുന്നതു വരെ തോന്നിയിട്ടില്ല.ദൈവക്കളിയിലെ ബാലകൃഷ്ണന്‍ ഞാനായിരുന്നെങ്കില്‍ എന്ന് വല്ലാതെ വല്ലാതെ കൊതിച്ചുപോകുന്നു.
എന്തിനും പുറമെ ദൈവക്കളി എന്ന രചനയില്‍ മനസു മുഴുകുമ്പോള്‍ ഒരു ജീവിതം അനുഭവിക്കുകയാണ് ചെയ്യുന്നത്.അനുഭവിപ്പിക്കുന്ന ഒരു പ്രത്യേകലോകത്തിലൂടെ ജീവിക്കുകയാണ്.
ശ്രീധരന്‍ മാഷിന് പ്രണാമം!

Wednesday, 22 July 2009

ശവത്തെ നോക്കി ചിരിക്കരുത്!

അക്ഷര‍ജാലകത്തില്‍ എം.കെ.ഹരികുമാര്‍ എഴുതുന്നു:“ലോഹിതദാസിന്റെ ജഡം ഒരു പകുതിയില്‍ കാണിച്ചിട്ട്,സ്ക്രീനിന്റെ മറ്റേ പകുതിയില്‍ കോമഡിരംഗം തുടരെ കാണിച്ച് ചാനലുകള്‍ മരണത്തെയും പരിഹസിച്ചു.ജഡം കണ്ടുകൊണ്ട് നമ്മള്‍ ചിരിക്കണം പോലും!"

ജഡത്തെനോക്കി കരയണമെന്ന് ഏതു ശാസ്ത്രത്തിലുണ്ടു മാഷേ?മരണം ഒരു ആഘോഷമാണെന്ന വേദാന്തസത്യം താങ്കള്‍ക്കറിയില്ലെന്നുണ്ടോ?സ്ഥൂലശരീരം സൂക്ഷ്മശരീരത്തില്‍ നിന്നും വേര്‍പിരിയുന്ന ഉത്സവം.