Sunday, 9 August 2009

വിവരമില്ലാത്ത ചില വില്പനനികുതി ബുദ്ധിജീവികള്‍(സര്‍ക്കാര്‍ വക ഗുണ്ടാപിരിവ്)

ഓണക്കാലമായതോടെ വില്പനനികുതി ഉദ്യോഗസ്ഥര്‍ക്ക് ഹാലിളകിയിരിക്കുകയാണ്.കൈയ്യില്‍ കിട്ടുന്ന ഏതവന്റെയും കീശയില്‍ കയ്യിട്ടു പിടിച്ചുപറി നടത്തുന്ന ഇവര്‍ പക്ഷെ നിയമവിധേയമായാണ് ഈ കലാപരിപാടി നടത്തുന്നത്.കാരണം ഇവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണല്ലോ.സര്‍ക്കാരിന്റെ മൌനാനുവാദവുമുണ്ടാകുമല്ലോ.

എന്നാല്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊന്നും ഇവര്‍ക്ക് ബാധകമല്ല.അങ്ങനെയൊന്നുള്ളതായി ഇവരില്‍ പലര്‍ക്കും അറിയില്ലെന്നതാണു സത്യം.ആകെ അറിയുന്നത് റോഡിലിറങ്ങി ചരക്കുവണ്ടി തടഞ്ഞു നിര്‍ത്തി എന്തെങ്കിലും കാരണം പറഞ്ഞ് പണം പിരിക്കുക എന്നതു മാത്രമാണ്.പാവം വണ്ടിക്കാരനുണ്ടോ നിയമം അറിയുന്നു.ഏമാന്‍ പറയുന്നതെല്ലാം വകുപ്പുനിയമമാണെന്നു തെറ്റിദ്ധരിച്ച് പാവം പണം കൊടുത്ത് രക്ഷപെടുന്നു.

ഇപ്പോള്‍ നടന്ന സംഭവം ഒന്നു ശ്രദ്ധിക്കുക.

കൊല്ലത്തു നിന്നും ഒരു വ്യാപാരി തിരുവല്ലയിലെ വ്യാപാരിക്കു വില്‍ക്കുവാനായി ചരക്കുമായി പോകുന്നു.

വഴിക്ക് ആലപ്പുഴ ഇന്റലിജന്‍സ് പിടിക്കുന്നു.പരിശോധനക്കു ശേഷംആലപ്പുഴ വില്‍പ്പന നികുതി സ്ക്വാഡ് 1 ഇന്റലിജന്‍സ് ഇന്‍ സ്പെക്ടര്‍ ഒരു മഹാകാര്യം കണ്ടുപിടിച്ച് 5000രൂപയോളംപിഴ ചുമത്തുന്നു.
തിരുവല്ലയിലെ വ്യാപാരിക്ക് രജിസ്ട്രേഷന്‍ ഇല്ല എന്നതാണ് ഇന്‍ സ്പെക്റ്ററുടെ കണ്ടെത്തല്‍.പിഴ ചുമത്തി രസീത് നല്‍കിയതാകട്ടെ തിരുവല്ലാ വ്യാപാരിയുടെ പേരിലും!
രജിസ്ട്രേഷന്‍ ഇല്ലത്ത വ്യാപാരിക്ക് ചരക്കു വില്‍ക്കാന്‍ പാടില്ല എന്ന് വാറ്റ് നിയമത്തിലൊരിടത്തും ഇതുവരെ പ്രതിപാദിച്ചിട്ടില്ല.മാത്രമല്ല അഞ്ചുലക്ഷം രൂപയില്‍ താഴെ വിറ്റുവരവുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ ആവശ്യമില്ല എന്ന് പ്രത്യേകം പറഞ്ഞിട്ടുമുണ്ട്.ഈ നിസ്സാര കാര്യം പോലും അറിയാത്ത ഒരാള്‍ക്ക് ഈ തസ്തികയില്‍ തുടരാന്‍ എന്തവകാശമാണുള്ളത്?
തിരുവല്ലയിലെ വ്യാപാരി വ്യാപാരം തുടങ്ങിയിട്ട് രണ്ടു മാസമേ ആയിട്ടുള്ളു.നാളിതുവരെയുള്ള വിറ്റുവരവ്
അന്‍പതിനായിരത്തില്‍ താഴെ മാത്രം.ഈ വ്യാപാരി എങ്ങനെ കുറ്റക്കാരനാകും?അയാള്‍ എന്ത് നിയമവിരുദ്ധമാണ് പ്രവര്‍ത്തിച്ചത്?തിരുവല്ലാ വ്യാപാരിയുടെ നിജസ്ഥിതി അറിയാന്‍ ഈ ‘ബുജി‘ എന്തു ചെയ്തു?എന്തന്വേഷണം നടത്തിയിട്ടാണ് ആ വ്യാപാരിയെ കുറ്റവാളിയാക്കിയത്?

രജിസ്ട്രേഷന്‍ ഇല്ലാത്ത വ്യാപരികള്‍ക്ക് ചരക്കുകള്‍ വില്‍ക്കാന്‍ പാടില്ല എന്ന ഒരു പുതിയ നിയമം ഈ ബുദ്ധിജീവി ഇന്‍ സ്പെക്ടര്‍ സ്വയം പ്രഖ്യാപിച്ച് നടപ്പിലാക്കുകയാണ് ചെയ്തിരിക്കുന്നത്.ഇത് നീതിയാണോ?

ഇത്തരം ഉദ്യോഗസ്ഥന്മാരെ നിലയ്ക്കു നിര്‍ത്താനും നിയമം പഠിപ്പിക്കനും ഉള്ള സംവിധാനം അടിയന്തിരമായി നടപ്പിലാക്കണമെന്ന് ബഹുമാനപ്പെട്ട വകുപ്പു മന്ത്രിയോട് വിനീതമായി അപേക്ഷിക്കുന്നു.ഒപ്പം അനധികൃതമായി ഈടാക്കിയ പണം ഇവരെക്കൊണ്ടുതന്നെ വ്യാപാരിക്കു തിരിച്ചുകൊടുപ്പിക്കുകയും വേണം.സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ പതിയേണ്ടിയിരിക്കുന്നു.

എന്നാല്‍ ഇതിന് അപവാദവുമുണ്ട്.കാര്യവിവരമുള്ള ഒരുദ്യോഗസ്ഥന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത് ഇപ്രകാരമാണ്.“ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റിനെ നശിപ്പിക്കാനായി ഇങ്ങനെ ചില അവതാരങ്ങളുമുണ്ട്.”

ഇതുപോലൊരുത്തന്‍ മതി വകുപ്പിനെ മൊത്തം നാറ്റിക്കാന്‍.അതുകൊണ്ട് വിവരമുള്ള സഹപ്രവര്‍ത്തകര്‍ ലവന്മാരെ ഉപദേശിച്ചു നന്നാക്കാന്‍ നോക്കുകയോ നന്നായില്ലെങ്കില്‍ ഒറ്റപ്പെടുത്തുകയോ ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

No comments:

Post a Comment