Saturday, 12 September 2009

കഥാപാത്രങ്ങളുടെ ദൈവികപരിണാമം

കൃതിയും കഥാപാത്രവും രചയിതാവിനെ അപ്രസക്തമാക്കിക്കൊണ്ട്‌ വളരുന്ന സാഹചര്യം അപൂര്‍വ്വമായെങ്കിലും സാഹിത്യത്തില്‍ സംഭവിക്കാറുണ്ട്‌.ആര്‍ക്കും പെട്ടെന്ന് പറയാവുന്ന ഉദാഹരണമാണ്‌ ഷെര്‍ലക്‌ ഹോംസിന്റേത്‌.ഹോംസിനെ സൃഷ്ടിച്ച സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എന്ന വ്യക്തിയെ കേട്ടിട്ടുകൂടി ഇല്ലാത്തവര്‍ക്കും ഷെര്‍ലക്‍ഹോംസ്‌ സുപരിചിതനാണ്‌.തന്റെ കഥാപാത്രം തന്നെ നിഷ്‌പ്രഭമാക്കി വളര്‍ന്നുപോകുന്നത്‌ നോക്കികാണാന്‍ കഴിയുക എന്നത്‌ ഏതൊരു എഴുത്തുകാരന്റെയും അത്യപൂര്‍വ്വമായ മഹാഭാഗ്യമാണ്‌.ഇതില്‍ അസഹിഷ്ണുതയോ സ്പര്‍ദ്ധയോ അസൂയയോ ലേശം പോലുമില്ലാതെ,യാതൊരുവിധ കോംപ്ലക്സുകളുമില്ലാതെ എഴുത്തുകാരന്‍ അഭിമാനിക്കുകതന്നെ ചെയ്യുന്നു.സൃഷ്ടാവിന്റെ കാലശേഷവും കഥാപാത്രം ജനങ്ങള്‍ക്കിടയില്‍ വല്ലാത്തൊരു സ്വാധീനശക്തിയായി നിലകൊള്ളുന്ന സാഹചര്യവും ചിലപ്പോള്‍ സംഭവിക്കാറുണ്ട്‌.
ഇങ്ങനെ സഭവിക്കുന്നതില്‍നിന്നും നാം മനസ്സിലാക്കുന്നതെന്താണ്‌? മഹത്വമുള്ള ഒരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍ മഹത്വമുള്ള ഒരെഴുത്തുകാരനു മാത്രമേ കഴിയുകയുള്ളു.കഥാപാത്രത്തിന്റെ പ്രസക്തിയും പ്രശസ്തിയും വര്‍ദ്ധിക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ വളരുന്നത്‌ എഴുത്തുകാരന്‍ തന്നെയല്ലേ?അസാമാന്യമായ മൗലികപ്രതിഭയുടെ ഉടമയായി അയാള്‍ ഉയരുന്നത്‌ ഇവിടെയാണ്‌.
എന്നാല്‍ അറിഞ്ഞോ അറിയാതെയോ എഴുത്തുകാരനെ തമസ്ക്കരിച്ചുകൊണ്ട്‌ അയാളുടെ കഥാപാത്രത്തെ കൊണ്ടാടുന്ന ഒരു സ്ഥിതിവിശേഷം ഇന്ന് നമ്മുടെ രാജ്യത്ത്‌ സംജാതമായിരിക്കുകയാണ്‌.കഥാപാത്രത്തെ സങ്കല്‍പത്തിലെ യഥാര്‍ത്ഥ്യമായിക്കണ്ട്‌ ഒരു പ്രത്യേക വിഭാഗത്തിന്റെ ആരാധ്യപുരുഷനാക്കിമാറ്റി വെച്ചാരാധന നടത്തുമ്പോള്‍ ആ പത്രത്തെ സൃഷ്ടിച്ച വ്യക്തിയെ ഓര്‍മിക്കാതിരിക്കുന്നത്‌ സാംസ്കാരിക അധ:പതനത്തെയാണ്‌ കാണിക്കുന്നത്‌.ഒരു രചയിതാവിന്റെയും സൃഷ്ടിയിലൂടെയല്ലാതെ സ്വയംഭൂവായിവന്നതാണ്‌ ഈ ആരാധ്യപുരുഷന്‍ എന്ന് പില്‍ക്കാലത്ത്‌ സ്ഥിരീകരിക്കേണ്ടിവരുന്നത്‌ ബോധപൂര്‍വ്വമായ കണ്ണടച്ചിരുട്ടാക്കലാണെന്ന് പറയാതിരിക്കാനാവില്ല.
പറഞ്ഞുവരുന്നത്‌ മഹാപ്രതിഭാശാലിയും ക്ലാസിക്‌ രചനകളുടെ കര്‍ത്താവുമായ കൃഷ്ണദ്വൈപായനവ്യാസനെക്കുറിച്ചാണ്‌.അപൂര്‍വ്വമായെങ്കിലും വ്യാസന്റെ പേര്‍ കേള്‍ക്കുന്നത്‌ ആശ്വാസപ്രദമാണെങ്കിലും എഴുത്തുകാരന്‍ എന്ന നിലയില്‍ നമ്മള്‍ അദ്ദേഹത്തിന്‌ വേണ്ടവിധത്തിലുള്ള അംഗീകാരം കൊടുത്തിട്ടുണ്ടോ എന്ന് സംശയമാണ്‌.മാജിക്കല്‍ റിയലിസം എന്ന പേരില്‍ മാര്‍കേസിന്റെ കൃതികളെ നാം കൊണ്ടാടുമ്പോള്‍ വ്യാസകൃതികളിലില്ലാത്ത എന്തു പുതിയ അനുഭവമാണ്‌ ആത്യന്തികമായി മാര്‍കേസ്‌ നമുക്കു നല്‍കുന്നതെന്ന് ആരും ആലോചിച്ചുകാണുന്നില്ല.ലോകസാഹിത്യത്തിലെ ഏതു ക്ലാസിക്‌ കൃതികളേയും അതിജീവിച്ച്‌ ഒന്നാംസ്ഥാനത്തുനില്‍ക്കാന്‍ യോഗ്യതയുള്ള അതിഗംഭീരമായ ക്ലാസിക്കാണ്‌ മഹാഭാരതം എന്ന് നമ്മള്‍ കാണാതെ പോകുന്നതെന്തുകൊണ്ട്‌?നമുക്കുള്ളതിന്റെ മൂല്യവും മഹത്വവും അറിയാന്‍ ശ്രമിക്കാതെ പടിഞ്ഞാറുനിന്നുവരുന്നതിനെ മഹത്വവല്‍ക്കരിക്കാനുള്ള മുറ്റത്തെ മുല്ലക്കു മണമില്ലാസംസ്കാരത്തിന്റെ ഭാഗമാണിതെന്ന് ആശ്വസിക്കുകയേ നിവൃത്തിയുള്ളു.
ജയസംഹിത എന്ന് ആദിനാമമുള്ള മഹഭാരതത്തെ മറ്റു ക്ലാസിക്കുകളുമായി താരതമ്യംചെയ്ത്‌ അതിന്റെ മഹത്വം സ്ഥാപിച്ചെടുക്കുക എന്നതല്ല ഈ കുറിപ്പിന്റെ ലക്ഷ്യം.വ്യാസവിരചിതമായ കൃതിയിലെ ഒരു കഥാപാത്രം ഒരു മതവിഭാഗത്തിന്റെ ഭഗധേയം നിര്‍ണയിക്കുന്ന ദൈവമായി മാറിയതിലുള്ള പരിണാമസിദ്ധാന്തത്തിന്റെ യുക്തിയെന്ത്‌ എന്ന് ആലോചിക്കുക മാത്രമാണിവിടെ ചെയ്യുന്നത്‌.
വളരെ മുമ്പുള്ള ഒരു കാലത്തെ മഹാനായ എഴുത്തുകാരനായിരുന്നു വ്യാസന്‍.അദ്ദേഹം ഉല്‍ക്കൃഷ്ടവും അമൂല്യവും മഹത്വവുമുള്ളതായ ചില കൃതികള്‍ രചിച്ചു.അതില്‍ പ്രധാനമാണ്‌ മഹാഭാരതം എന്ന പേരില്‍ ഇന്നറിയപ്പെടുന്ന ജയസംഹിത.ആ കൃതിയിലെ ഒട്ടും അപ്രധാനമല്ലാത്ത ഒരു കഥാപാത്രമാണ്‌ കൃഷ്ണന്‍.കൃഷ്ണനിലൂടെ വ്യാസന്‍ എക്കാലത്തും പ്രസക്തമായ ജീവിതപ്രശ്നങ്ങളും അതിന്റെ തത്വങ്ങളും പരിഹാരങ്ങളും മറ്റും ചിന്തനീയമായ രീതിയില്‍ അവതരിപ്പിക്കുന്നു.സ്വയം ആര്‍ജിച്ചെടുത്ത സിദ്ധിയിലൂടെയും കണ്ടറിഞ്ഞും കേട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞതുമായ അനുഭവങ്ങളിലൂടെയും ജീവിതമെന്ന മഹാസമസ്യയെ വിശദീകരിക്കുകയാണ്‌ വ്യാസന്‍ ചെയ്തത്‌.ഇത്‌ ആത്മീയമായും ഭൗതികമായും സാധ്യമാക്കിയിരിക്കുന്നു എന്നിടത്താണ്‌ ആ മഹാപ്രതിഭയുടെ തിളക്കം വര്‍ദ്ധിക്കുന്നത്‌.
ജീവിതത്തെ വിശകലനം ചെയ്യുന്നതിനും മൂല്യവിചാരം നടത്തുന്നതിനും മാത്രമായി വ്യസന്‍ മഹാഭാരതത്തില്‍ പതിനെട്ട്‌ അധ്യായങ്ങള്‍ മാറ്റിവെച്ചിരിക്കുന്നു.ശ്രീമദ്‌ ഭഗവദ്ഗീത എന്ന പേരില്‍ അറിയപ്പെടുന്നാ ഭാഗം കൃഷ്ണാര്‍ജുനസംവാദരൂപത്തിലാണ്‌ വ്യസന്‍ ഘടിപ്പിച്ചിട്ടുള്ളത്‌.അതായത്‌ ഗീത എന്നത്‌ മഹത്തായ ഒരു കൃതിയിലെ ഒരു സന്ദര്‍ഭം മാത്രമാണ്‌.വ്യാസന്റെ ആശയങ്ങളും ചിന്തകളും ഭാവനകളുമാണ്‌ കൃഷ്ണനിലൂടെ വായനക്കാരിലെത്തുന്നത്‌.ജീവിതവിജയവും പരമശാന്തിയും പ്രദാനം ചെയ്യുന്ന ദിവ്യമന്ത്രമായ ഗീത വ്യസന്റേതോ കഥാപാത്രമായ കൃഷ്ണന്റേതോ?ഈ കൃഷ്ണന്‍ ദൈവമായി നമ്മുടെ പൂജാമുറിയിലെത്തുമ്പോള്‍ കൃഷ്ണനെ സൃഷ്ടിച്ച വ്യാസന്‌ എന്തു സ്ഥാനം നല്‍കിയാല്‍ മതിയാകും!പക്ഷെ കൃഷ്ണന്റെ മുമ്പില്‍ ഇന്ന് വ്യാസന്‌ എന്തു പ്രസക്തി?ചിലര്‍ തരം കിട്ടുമ്പോള്‍ മുക്കുവനെന്ന് വ്യാസനെ പരിഹസിച്ച്‌ തരംതാഴ്ത്തുന്നതല്ലാതെ..
വ്യാസന്റെ കാലത്തു ജീവിച്ചിരുന്ന വ്യക്തിയായിരിക്കാം കൃഷ്ണന്‍.ഇദ്ദേഹം എങ്ങനെ ദൈവമായി മാറി എന്നത്‌ സൂക്ഷ്മമായി അന്വേഷിക്കേണ്ട സംഗതിയാണ്‌.ഇനി മഹാഭാരതം ഒരു ചരിത്രാഖ്യായികയാണെന്നു സമ്മതിച്ചാല്‍പോലും കൃഷ്ണന്‍ ഒരു ചരിത്രപുരുഷനേ ആകുന്നുള്ളു.ചരിത്രപുരുഷന്മാര്‍ ദൈവമായി പരിണമിക്കാറില്ല.മതപരമായും മനശ്ശാസ്ത്രപരമായും വിശകലനം ചെയ്തു മനസിലാക്കേണ്ട കാര്യമാണിത്‌.സി.വി.രാമന്‍പിള്ളയുടെ മാര്‍താണ്ഡവര്‍മ്മ നാളത്തെ ദൈവമായി മാറുമോ എന്നുകൂടി ഈ പശ്ചാത്തലത്തില്‍ അന്വേഷിക്കേണ്ടതുണ്ട്‌.
വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായതുകൊണ്ടാണ്‌ കൃഷ്ണനെ ദൈവമായി കാണുന്നത്‌ എന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ വിഷ്ണുവിന്റെ അസ്തിത്വത്തെക്കുറിച്ചും അന്വേഷിക്കേണ്ടതായി വരും.വിഷ്ണു എന്നത്‌ മാജിക്കല്‍ റിയലിസത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ഒരുകല്‍പന എന്നതിനപ്പുറം മറ്റെന്താണ്‌?ഓരോരോ കാലങ്ങളില്‍ ദൈവത്തിന്‌ ഓരോ രൂപഭാവങ്ങളാണോ ഉള്ളത്‌?കാലത്തിനനുസരിച്ച്‌ ദൈവവും മാറുമോ?ദൈവത്തിന്‌ എന്തിന്‌ അവതാരങ്ങള്‍?വിഷ്ണുവും ഒരു കഥാപാത്രം മാത്രമാണ്‌.
വേദങ്ങളും ഉപനിഷത്തുകളും പരയുന്നത്‌ സത്യം ഒന്നേയുള്ളു എന്നതാണ്‌.എന്നും മാറ്റമില്ലാതെ സ്ഥിരമായിനില്‍ക്കുന്ന സത്യം.ജഗന്നിയന്താവായ ഈശ്വരന്‍ എന്നോ ഓം എന്നോ ബ്രഹ്മം എന്നോ ഒക്കെ വിളിക്കാവുന്ന ആ ശക്തിയെക്കുറിച്ചും അത്‌ കണ്ടെത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഈ ഗ്രന്ഥങ്ങളും മഹാ ഋഷിമാരും നമുക്ക്‌ പറഞ്ഞുതന്നിട്ടുണ്ട്‌.എന്നിട്ടും അതില്‍ നിന്നൊക്കെ വ്യതിചലിച്ച്‌ ചിലരുടെ ഭാവനയില്‍ ഉണ്ടായ രൂപങ്ങളും പാത്രങ്ങളും ദൈവമാണ്‌ എന്നു പറയുന്നതിലെ അനൗചിത്യത്തെക്കുറിച്ച്‌ നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്‌.ഈശ്വരസാക്ഷാത്ക്കാരം നേടിയ പുണ്യപുരുഷന്മാരാരുംതന്നെ സ്ത്രീപുരുഷനാമരൂപത്തിലുള്ള ഒരു ദൈവത്തെക്കുറിച്ച്‌ ഇന്നുവരെ പറഞ്ഞതായി അറിവില്ല.ബ്രഹ്മത്തെ തേടുന്ന യഥാര്‍ത്ഥ അന്വേഷിക്ക്‌ വിഷ്ണുവോ രാമനോ കൃഷ്ണനോ ആരുംതന്നെ യാതൊന്നുമല്ല എന്നതാണ്‌ സത്യം.
ഭഗവദ്ഗീതയിലെ ഓരോ ശ്ലോകങ്ങളും വ്യാഖ്യാനിച്ച്‌ വിശദീകരിച്ച്‌ നമ്മള്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കുന്നത്‌ ഇതെല്ലാം ഭഗവാന്‍ കൃഷ്ണന്‍ പറയുന്നതായാണ്‌.ഗീതാപരായണമത്സരത്തില്‍ പങ്കെടുത്ത്‌ സമ്മാനം നേടുക എന്നതാണ്‌ മതപാഠശാലകളിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഗീതയുടെ പ്രസക്തി.ആരും അവര്‍ക്ക്‌ ഗീത എന്നത്‌ വ്യാസവിരചിതമാണെന്നും ഈ തത്വങ്ങളെല്ലാം വ്യാസനാണ്‌ പറയുന്നതെന്നും പഠിപ്പിച്ചുകൊടുക്കുന്നില്ല.അങ്ങനെ പുതിയ തലമുറയും വ്യാസനെ മറന്ന് അദ്ദേഹത്തിന്റെ കഥാപാത്രമായ കൃഷ്ണനെ ആരാധിക്കാന്‍ തുടങ്ങുന്നു.ഇക്കാര്യത്തില്‍ നമ്മുടെ സനാതനപാരമ്പര്യവും ആര്‍ഷസംസ്കാരവുമൊക്കെ എവിടെ പോയി മറയുന്നു?അതോ വ്യാസനെ തമസ്കരിച്ച്‌ കൃഷ്ണനെ കൊണ്ടാടുന്നതാണ്‌ സംസ്കാരമെന്നാണോ?
ഗീതയിലെ പ്രധാന ശ്ലോകങ്ങളിലൊന്നായ കര്‍മ്മണ്യേ വാധികാരസ്തേ എന്നു തുടങ്ങുന്ന ശ്ലോകം പലപ്പോഴും പലയിടത്തും പരമപ്രധാനമായി പറഞ്ഞുകേള്‍ക്കാറുണ്ട്‌.അപ്പോഴൊക്കെ അംഗീകാരം കൃഷ്ണനാണ്‌,വ്യാസനല്ല.വ്യാസന്‍ തന്റെ മനോബുദ്ധിയില്‍ പരുവപ്പെടുത്തിയെടുത്ത രഹസ്യതത്വങ്ങളുടെയും ജീവിതസത്യത്തിന്റെയും അവകാശം അദ്ദേഹത്തിന്റെ കഥാപാത്രം കൊണ്ടുപോകുന്ന ഈ അവസ്ഥ ഒരുപക്ഷെ ദീര്‍ഘദര്‍ശിയായ വ്യാസന്‍ വിഭാവനം ചെയ്തു കാണാണം.താന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ഏതുവിധത്തിലായാലും ജനങ്ങളിലെത്തിയാല്‍ മതി എന്നു മാത്രമായിരിക്കാം നിഷ്കാമനായ അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവുക.നന്ദികേടിന്റെ ഈ ലോകത്തെക്കുറിച്ച്‌ അദ്ദേഹം അജ്ഞനാകാന്‍ വഴിയില്ലല്ലോ.
കേണല്‍ അറീലിയാനോ ബുവേന്‍ഡിയ മാര്‍കേസിന്റെ ഒരു കഥാപാത്രമാണെന്നു പറയാന്‍ ആര്‍ജവം കാണിക്കുന്നവര്‍,സി.വി.രാമന്‍പിള്ളയുടെ കാലത്തുണ്ടായിരുന്ന ഒരു രാജാവാണ്‌ മാര്‍ത്താണ്ഡവര്‍മ്മയെന്നു സമ്മതിക്കുന്നവര്‍ കൃഷ്ണന്‍ വ്യാസന്റെ കഥാപാത്രമാണെന്നു പറയാന്‍ മടിക്കുന്നതിലെ കാപട്യം നമ്മള്‍ തിരിച്ചറിയണം.
വാന്മീകിയുടെ കഥാപാത്രത്തിന്‌ ക്ഷേത്രം പണിയാനായി മതേതരത്വം എന്ന മഹാമൂല്യത്തെ പൊളിച്ചുകളഞ്ഞ നാടാണ്‌ നമ്മുടേത്‌.മുകളില്‍ പറഞ്ഞ വ്യാസകഥാപാത്രത്തിന്റെ ജന്മദിനം ആഘോഷിച്ച്‌ പാതിദിവസം ഗതാഗതസ്തംഭനമുണ്ടാക്കുന്നവരാണ്‌ നമ്മള്‍.ഇത്തരം മതപരമായ വിഡ്ഢിത്തങ്ങള്‍ക്കും കോപ്രായങ്ങള്‍ക്കും കൂട്ടുപിടിക്കുന്നതാകട്ടെ ദൈവികപരിവേഷം ചാര്‍ത്തിക്കൊടുത്ത വ്യാസ-വാന്മീകി കഥാപാത്രങ്ങളേയും.കൃഷ്ണനും രാമനും കഥാപാത്രങ്ങളല്ലെന്നും അവര്‍ നമ്മെയൊക്കെ സംരക്ഷിക്കാന്‍ കഴിവുള്ള ദൈവങ്ങളാണെന്നും ഇന്നത്തെ ഹിന്ദു വിശ്വസിക്കുനതിന്‌ എന്ത്‌ ആധികാരികതയാണുള്ളത്‌?ഇത്തരം ദരിദ്രവും വികലവുമായ കാഴ്ചപ്പാടാണോ സനാതനപാരമ്പര്യത്തെ മുമ്പോട്ടുനയിക്കുന്നത്‌?ഈ ജീര്‍ണിച്ച അബദ്ധധാരണകളാണോ മഹത്തായ ആര്‍ഷസംസ്കാരം?
വരുംകാലങ്ങളില്‍ അമൃതാനന്ദമയിയും സത്യസായിബാബയും വിഗ്രഹങ്ങളായാല്‍ തെല്ലും അതിശയിക്കാനില്ല.ഇന്നത്തെ ഒരെഴുത്തുകാരന്‍ ഇവരെ കഥാപാത്രങ്ങളാക്കി നോവലെഴുതിയില്ലെങ്കില്‍പോലും ഒരുപക്ഷെ അടുത്ത തലമുറ ഇവര്‍ക്കുവേണ്ടി ക്ഷേത്രങ്ങള്‍ പണിയുകയും ഇവരുടെ പേരില്‍ രക്തച്ചൊരിച്ചിലുണ്ടാക്കുകയും ചെയ്യുമെന്ന് ഇന്നത്തെ പരിതസ്ഥിതികള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
വ്യാസനോ വന്മീകിയോ ഒരിക്കല്‍പോലും ചിന്തിക്കാനിടയില്ലാത്തവിധത്തിലുള്ള ദുരുപയോഗമാണ്‌ അവരുടെ കഥാപാത്രങ്ങളെക്കൊണ്ട്‌ ഇന്നത്തെ മതമൗലികവാദികള്‍ സാധിച്ചെടുക്കുന്നത്‌.മഹര്‍ഷിമാരും മഹാരഥന്മാരുമായ അവരുടെ കഥാപാത്രങ്ങളെ വര്‍ഗീയതയുടെ കൊടുംവിഷം തളിച്ച്‌ മുന്നരങ്ങില്‍ നിര്‍ത്താന്‍ ഇന്നത്തെ മഹര്‍ഷിമാര്‍ മത്സരിച്ച്‌ അലമുറയിടുന്ന കാഴ്ച കാണുമ്പോള്‍ നമുക്കാശ്വസിക്കാന്‍ വ്യാസവിരചിതമായ ഈ ശ്ലോകം തന്നെ ധാരാളം.-യദായദാഹി ധര്‍മ്മസ്യഗ്ലാനിര്‍ഭവതി ഭാരതഅഭ്യുത്ഥാനമധര്‍മ്മസ്യതദാന്മാനം സൃജാമ്യഹം(എപ്പോഴെപ്പോള്‍ ധര്‍മ്മം ക്ഷയിക്കുകയും അധര്‍മ്മം വര്‍ദ്ധിക്കുകയും ചെയ്യുന്നുവോ അപ്പോഴപ്പോഴാണ്‌ ഞാന്‍ ജനിക്കാറ്‌)***

3 comments:

  1. പരമസത്യം. എല്ലാ ഹൈന്ദവര്‍ക്കും ഇതൊക്കെ മനസ്സിലായെങ്കില്‍ എന്ത് നന്നായിരുന്നു. മുമ്പ് ഈ ബ്ലോഗ്‌ കണ്ടിരുന്നില്ല, ഇപ്പോള്‍ സബ്സ്ക്രൈബ് ചെയ്യുന്നു. നന്ദി.

    തലക്കെട്ടിലെ രാമായണവാചകം ശ്രദ്ധിച്ചു. വളരെ അര്‍ത്ഥവത്തായത്.

    ReplyDelete
  2. ചേട്ടായീ, വ്യാസൻ ഒരാളാണോ? വ്യാസൻ എഴുതിയതാണോ ഗീത? ഇന്നു കാണുന്ന മഹാഭാരതത്തിലെ പലതും ഗീതയടക്കം പ്രക്ഷിപ്തമാണെന്നു പറയുന്നു.

    ആദി കവി വാത്മീകി എഴുതിയ രാമായണമോ, വ്യാസൻ എഴുതിയ മഹാഭാരതമോ നാം ആരും കണ്ടിട്ടില്ല എന്ന് കരുതാം. അതാവും ശരി. വാമൊഴിയിലൂടെ തലമുറകൾ പകർന്നു തന്ന ഒന്ന് ആരോ എഴുതി വെച്ചു. അത് വ്യാസനല്ല, വാത്മീകിയുമല്ല.

    ഒന്ന് പറയാം നമ്മുടെ ആർജ്ജിത സംസ്കാരത്തിന്റെ കാര്യം.
    -സു-

    ReplyDelete
  3. മതപരമായ വിഡ്ഢിത്തങ്ങള്‍ക്കും കോപ്രായങ്ങള്‍ക്കും കൂട്ടുപിടിക്കുന്നതാകട്ടെ ദൈവികപരിവേഷം ചാര്‍ത്തിക്കൊടുത്ത കഥാപാത്രങ്ങളേയും....

    that well said... it is the case with every relegion... but one accuse other is bad thats all...

    ReplyDelete