Saturday, 8 December 2007

കരള്‍

കുട്ടികള്‍ പന്തുതട്ടി കളിക്കും‌പോലെ
അവരെന്റെ കരളെടുത്തമ്മാനമാടി
ആദ്യകൌതുകം അസ്തമിച്ചപ്പോള്‍
പന്തുപേക്ഷിച്ച് കുട്ടികള്‍ പോയതുപോലെ അവരും.
മണ്ണില്‍ പൊടിമൂടി ഉപേക്ഷിക്കപ്പെട്ട പന്ത്.
പൊടിയും മണ്ണും അഴുക്കും കഴുകി തുടച്ചു
മിനുക്കിയെടുത്ത് ഇനി കൈമോശം വരാതെ ശ്രദ്ധിച്ച്
ഞാനെന്റെ കരള്‍ തിരികെ വെച്ചു.
ഒരുനാള്‍ വഴിയോരത്ത് എന്റെ കരള്‍
സുരക്ഷിതമായി സൂക്ഷിക്കാമെന്നേറ്റ ഒരു സുഹൃത്തിനെ
ഞാന്‍ കണ്ടെത്തി.
അങ്ങനെയൊരാള്‍ എന്റെ കരള്‍ സൂക്ഷിക്കേണ്ടത്
ഏറെ ആവശ്യമായിരുന്നു.
ആ കൈകളില്‍ അതു ഭദ്രമാണെന്ന് എനിക്കുറപ്പുണ്ട്.
മൂന്നാംനാള്‍ ചോര കിനിയുന്ന കരള്‍
തിരിച്ചുതന്നുകൊണ്ട് സുഹൃത്ത് പറഞ്ഞു:
നിന്റെ കരളാകെ ഭൂതകാലത്തിന്റെ അഴുക്കുകളാണ്
ഭൂതക്കറ പുരളാത്ത ഒരു കരളാണ് എനിക്കു വേണ്ടത്.
ചോരയില്‍ കുതിര്‍ന്ന കരളെടുത്ത് ഞാന്‍
ശൂന്യതയിലേക്ക് ആയംകൂട്ടി എറിഞ്ഞു.
കരളില്ലാത്തവനായി.

4 comments:

  1. ചോരയില്‍ കുതിര്‍ന്ന കരളെടുത്ത് ഞാന്‍
    ശൂന്യതയിലേക്ക് ആയംകൂട്ടി എറിഞ്ഞു.
    കരളില്ലാത്തവനായി.

    നല്ല വരികള്‍.

    ReplyDelete
  2. "ചോരയില്‍ കുതിര്‍ന്ന കരളെടുത്ത് ഞാന്‍
    ശൂന്യതയിലേക്ക് ആയംകൂട്ടി എറിഞ്ഞു.
    കരളില്ലാത്തവനായി."

    "അപ്പൊ ഇനി മുതല്‍ ദഹന കേടു തന്നെ ഫലം!"

    ReplyDelete
  3. ഇന്നത്തെക്കാലത്ത് കരളൊക്കെ അധികപ്പറ്റല്ലേ മാഷേ :-) നല്ല വരികള്‍.

    ReplyDelete