Saturday, 17 November 2007

ചൊറിയന്‍പുഴുക്കള്‍

വില്ലേജാപ്പീസിന്റെ ഓരം ചേര്‍ന്ന് ഒരു പൂവരശ്‌ നില്‍ക്കുന്നുണ്ട്‌.പൂവരശില്‍ നിറയെ ചൊറിയന്‍പുഴുക്കളുണ്ട്‌.ചൊറിയന്‍പുഴുക്കളുടെ മേലാകെ വെളുത്ത രോമങ്ങളുണ്ട്‌.വെളുത്ത രോമങ്ങള്‍ക്ക്‌ പട്ടുനൂലിന്റെ വെണ്മയുണ്ട്‌.

കുടുംബസ്വത്ത്‌ ഭാഗം ചെയ്തപ്പോള്‍ കിട്ടിയ പത്തുസെന്റ്‌ പോക്കുവരവു ചെയ്തു കിട്ടുന്നതിനാണ്‌ ഞാന്‍ വില്ലേജാപ്പീസിലെത്തിയത്‌.ആപ്പീസര്‍ യുവതിയാണോ മധ്യവയസ്കയാണോ എന്നു തിട്ടപ്പെടുത്താന്‍ വിഷമമുള്ള ഒരു സ്ത്രീയാണ്‌.ഞാന്‍ ആധാരപ്പകര്‍പ്പ്‌ അവര്‍ക്കു നീട്ടിക്കൊണ്ടു കാര്യം പറഞ്ഞു.ഒന്നോടിച്ചു വായിച്ചിട്ട്‌ അപ്പുറത്തെ സെക്ഷനില്‍ കൊടുക്കാന്‍ അവര്‍ പറഞ്ഞു. ആ നിമിഷമാണ്‌ എനിക്ക്‌ ചൊറിച്ചില്‍ തുടങ്ങിയത്‌.കഴുത്തിന്റെ പിറകില്‍.അന്നേരം ഞാനത്‌ ഗൗനിച്ചതേയില്ല.

കഷണ്ടിയുള്ള ഒരു യുവാവിന്റെ പക്കല്‍-ഹെഡ്‌ക്ലാര്‍ക്കാണെന്നു തോന്നുന്നു-ആധാരപ്പകര്‍പ്പു കൊടുത്ത്‌ പോക്കുവരവ്‌ ചെയ്തു തരണമെന്ന് പറഞ്ഞു.അയാള്‍ എന്നെ സൂക്ഷിച്ചു നോക്കി വിശകലനം ചെയ്തു.പിന്നെ ആധാരപ്പകര്‍പ്പ്‌ വായിക്കാന്‍ തുടങ്ങി.94 കിലോയുള്ള എന്റെ ശരീരം നല്ല കണ്ടീഷനല്ലാത്ത രണ്ടുകാലില്‍ താങ്ങി അരമണിക്കൂറോളം നില്‍ക്കേണ്ടിവന്നു.കാലുകള്‍ വേദനിക്കാന്‍ തുടങ്ങി.വേദന അസഹ്യമായപ്പോള്‍ അയാളുടെ മുമ്പിലുള്ള കസേരയില്‍ അനുവാദമില്ലാതെ ഞാനിരുന്നു.അപ്പോള്‍ വീണ്ടും അയാള്‍ എന്നെ തുറിച്ചു നോക്കി.ആ നോട്ടം അവഗണിച്ച്‌ ഞാന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു.

കുറെക്കൂടി കഴിഞ്ഞ്‌ അയാള്‍ മുന്നോട്ടാഞ്ഞിരുന്ന് പറഞ്ഞു:
"പഴയ ആധാരത്തിന്റെ കോപ്പി കൂടി വേണം."
അപ്പോള്‍ വീണ്ടും എനിക്ക്‌ ചൊറിച്ചില്‍ തുടങ്ങി.കൈകൊണ്ടു ചൊറിയാന്‍ വയ്യാത്ത തോള്‍പലകയ്ക്കു ചുവട്ടിലാണ്‌ ചൊറിയുന്നത്‌.
"എന്നാല്‍ കോപ്പി എടുത്തോണ്ടു വരാം."
ചൊറിച്ചിലിന്റെ ഈര്‍ഷ്യയോടെ ഞാന്‍ പുറത്തേക്കിറങ്ങി.വില്ലേജാപ്പീസിന്റെ വരാന്തയില്‍ പലരും നില്‍ക്കുന്നുണ്ടായിരുന്നു.പല ആവശ്യത്തിനു വന്നവര്‍.അത്ഭുതകരമായ സംഗതി അവരെല്ലാം തങ്ങളുടെ എവിടെയെങ്കിലുമൊക്കെ ചൊറിഞ്ഞുകൊണ്ടാണ്‌ നില്‍ക്കുന്നത്‌ എന്നുള്ളതാണ്‌.ദാരിദ്ര്യത്തിന്റെ മുഖഛായ പേറിയ അവര്‍ സദാ അസ്വസ്ഥരും അസംതൃപ്തരുമാണ്‌.

വീട്ടിലെത്തി പഴയ ആധാരവുമെടുത്ത്‌ ഞാന്‍ ജംഗ്‌ഷനിലേക്കു നടന്നു.അവിടെ ഫോട്ടോസ്റ്റാറ്റെടുക്കുന്ന കടയുണ്ട്‌.
മുന്നാധാരത്തിന്റെ കോപ്പിയുമായി വീണ്ടും വില്ലേജാപ്പീസിലെത്തി.അപ്പോഴും വരാന്തയില്‍ ധാരാളംപേര്‍ നില്‍ക്കുന്നുണ്ട്‌.നേരത്തെ കണ്ട അതേ മുഖങ്ങള്‍ തന്നെയാണ്‌ ഇപ്പോഴും കാണുന്നത്‌.

ഹെഡ്‌ക്ലാര്‍ക്ക്‌ ആധാരത്തിന്റെ കോപ്പി വാങ്ങിയിട്ടു പറഞ്ഞു:
"ഒരാഴ്ച കഴിഞ്ഞു വാ"
ഇതുവരെ ചൊറിച്ചിലിന്റെ കാര്യം ഞാന്‍ മറന്നിരിക്കുകയായിരുന്നു.പെട്ടെന്ന് ഉടലാകെ ചൊറിച്ചില്‍ അനുഭവപ്പെടാന്‍ തുടങ്ങി.അവിടെ കൂടിനിന്നവരെല്ലാം കണ്ടമാനം ചൊറിയുന്നുണ്ടായിരുന്നു.ചൊറിഞ്ഞുചൊറിഞ്ഞ്‌ ചിലരുടെ ദേഹത്തെ തൊലി പൊട്ടി ചോര പൊടിയാന്‍ തുടങ്ങി.ആപ്പീസിലെ ഉദ്യോഗസ്ഥരെ ഈ ചൊറിച്ചില്‍ ഒരുതരത്തിലും ബാധിക്കുന്നില്ലെന്നു കണ്ട്‌ ഞാന്‍ അതിശയിച്ചു.
നില്‍കക്കള്ളിയില്ലാത്തവിധം ചൊറിച്ചില്‍ അസഹ്യമായപ്പോള്‍ ആരോ വിളിച്ചു പറഞ്ഞു:
"ഇവിടെ അപ്പിടി ചൊറിയന്‍പുഴുവാ.ദാണ്ടാ പൂവരശു നിറച്ച്‌.."
എല്ലാവരുടെയും ദേഹം ചൊറിഞ്ഞു തടിച്ചു.നീരു വന്നു വീര്‍ത്തതുപോലെ മുഖമാകെ ചീര്‍ത്തു.
എന്നിട്ടും ആപ്പീസിലെ ജോലിക്കാര്‍ അനങ്ങിയില്ല.കുറെ കഴിഞ്ഞ്‌ ആപ്പീസറും ക്ലാര്‍ക്കുമാരും പ്യൂണും വരാന്തയിലേക്കിറങ്ങിവന്ന് ഈ കാഴ്ച കണ്ട്‌ പൊട്ടിച്ചിരിച്ചു.ചോരയൊലിക്കുന്ന,വീര്‍ത്തുകെട്ടിയ ദേഹവുമായി നിന്നു ചൊറിയുന്ന ദാരിദ്ര്യത്തിന്റെ സന്തതികള്‍ അവര്‍ക്ക്‌ രസമുള്ള കാഴ്ചയായി.

കഴുത്തോളം മുങ്ങിയാല്‍ പിന്നെന്തു നോക്കാനാണ്‌?ഞങ്ങളില്‍ ചിലര്‍ പൂവരശിന്റെ നേര്‍ക്കു നടന്നു.തടിയില്‍ അടുക്കടുക്കായി നിറയെ പൊതിഞ്ഞു പറ്റിപ്പിടിച്ചിരിക്കുന്ന പുഴുക്കളെ ഒരു കമ്പുകൊണ്ട്‌ തോണ്ടിയിളക്കി താഴെ വീഴ്ത്തി.താഴെ വീണതോടെ അവയ്ക്ക്‌ പെട്ടെന്നൊരുശിരു വന്നതുപോലെ വേഗത്തില്‍ ഇഴയാന്‍ തുടങ്ങി.പുഴുക്കള്‍ കൂട്ടത്തോടെ ഇഴഞ്ഞുനീങ്ങുന്നത്‌ ആപ്പീസിലേക്കാണ്‌.വരാന്ത കയറി ആപ്പീസറുടെ മുറിയിലും ക്ലാര്‍ക്കുമാരുടെ മുറിയിലും അവ അപ്രത്യക്ഷമായി.ഞങ്ങളുടെ ചൊറിച്ചില്‍ ക്രമേണ കുറഞ്ഞു വന്നു.ഒരാശ്വാസം അനുഭവപ്പെട്ടു.

അപ്പോള്‍ വില്ലേജാപ്പീസിനുള്ളില്‍ നിന്നും ഉദ്യോഗസ്ഥര്‍ ചൊറിഞ്ഞുകൊണ്ട്‌ പുറത്തു ചാടുന്നത്‌ ഞങ്ങള്‍ കണ്ടു.അവരുടെയൊക്കെ ദേഹങ്ങളില്‍ പൂവരശിലെന്നപോലെ ചൊറിയന്‍പുഴുക്കള്‍ പറ്റിപ്പിടിച്ചിരുന്നു.പറിച്ചെറിയാന്‍ ശ്രമിക്കുന്തോറും അവര്‍ക്ക്‌ ചൊറിച്ചില്‍ വര്‍ദ്ധിച്ചുവന്നു.അവരുടെ ദേഹത്തു പൊടിഞ്ഞ ചോരയ്ക്ക്‌ ഞങ്ങളുടെ ചോരയുടെ നിറമായിരുന്നില്ല.ടാറിന്റെ നിറമുള്ള കറുത്ത ചോരയായിരുന്നു അവരുടേത്‌.ദുര്‍ഗന്ധമുള്ള ചോര.ഉദ്യോഗസ്ഥരുടെ ശരീരത്തില്‍ നിന്നൊഴുകുന്ന നാറുന്ന കറുത്ത ചോരപ്രവാഹത്തില്‍ ആപ്പീസിലെ ഫയലുകളെല്ലാം ഒഴുകി നടന്നു.

ചൊറിയന്‍ പുഴുക്കളുടെ ആക്രമണത്തില്‍ രക്തം വാര്‍ന്നു മരിച്ച സര്‍ക്കാരുദ്യോഗസ്ഥരുടെ പത്രവാര്‍ത്തയ്ക്ക്‌ യാതൊരു പ്രാധാന്യവുമില്ലായിരുന്നു.അകത്തെ പേജില്‍ രണ്ടു കോളം നാലു സെന്റിമീറ്റര്‍.അത്ര മാത്രം.

10 comments:

  1. great! simply great

    സുരേഷിന്റെ വായിച്ച കഥകളില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്.

    ReplyDelete
  2. നല്ല കഥ. സ്വാഭാവികതയുള്ള പ്രതീകങ്ങള്‍. അഭിനന്ദനങ്ങള്‍.

    ReplyDelete
  3. നല്ല കഥ,
    പൂവരശ്ശില്ലാതെ ചോരിയാന്‍പുഴു ഇല്ലാതെ നമ്മള്‍ നിന്ന് ചൊറിഞ്ഞ് പോകുന്ന വില്ലേജ് ഓഫീസിന്റെ പശ്ചാത്തലം കൂടുതല്‍ ഹൃദ്യമാക്കി

    ReplyDelete
  4. നല്ല കഥ. ഇതു ശരിക്കും ഇന്നത്തെ വ്യവസ്ഥിതികളിലേക്ക് വിരല്‍ ചൂണ്ടുന്നു.

    ReplyDelete
  5. വളരെ നല്ല കഥ,സമാന അനുഭവം(പഞ്ചായത്ഫീസില്‍) ഉള്ളതിനാല്‍ ശരിക്കും ആസ്വദിക്കാന്‍ പറ്റി.

    ReplyDelete
  6. സമകാലികം....

    ഇഷ്ടപ്പെട്ടു ഈ കഥ

    ReplyDelete
  7. ഇതു വായിച്ചുകഴിഞ്ഞപ്പോള്‍ മറന്നുകിടന്ന ഏതൊക്കെയോ ചൊറിച്ചിലുകള്‍ പിന്നെയും തുടങ്ങി..

    ReplyDelete
  8. ഇപ്പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ തറവാട് ഭാഗം വെപ്പായിരുന്നു , മൊത്തം തറവാട് അവകാശികളില്‍ ഒരാള്‍ തന്നെ എടുക്കുമ്പോളെങ്കിലും റജിസ്റ്റര്‍ ആപ്പീസിലെ ചൊറിയന്‍ പുഴു കടിക്കില്ലെന്നായിരുന്നു വിശ്വാസം , എവിടെ , അവിടെ കിടന്നിരുന്ന എല്ലാ പുഴൂക്കളേയും അവര്‍ എന്‍‌റ്റെ ശരീരത്തിലേക്ക് വലിച്ചെറിഞ്ഞു ,

    സഹികെട്ട ഞാന്‍ , പുറത്തുള്ള പറമ്പില്‍ പോയി , സ്വല്‍‌പ്പം വലിയ പുഴുവിനെ കാണിച്ചുകൊറ്റുത്തപ്പോള്‍ എന്‍‌റ്റെ എല്ലാ ചോറിച്ചിലും പോയ വഴി കണ്ടില്ല :)

    നല്ല കഥ , ബിംബങ്ങളും :)

    ReplyDelete
  9. നല്ല കഥ സുരേഷ്. അഭിനന്ദനങ്ങള്‍

    ReplyDelete
  10. ശക്തിയുള്ള കഥ സുരേഷ്

    ReplyDelete