Friday, 9 November 2007

ചുണ്ടുകള്‍

ആദ്യമായാണ് ഇത്തരമൊരനുഭവം അയാള്‍ക്ക് നേരിടേണ്ടിവന്നത്. ആദ്യം അത് വെറുമൊരു തോന്നല്‍ മാത്രമാണെന്ന് ചിന്തിച്ചു.പക്ഷെ ആ യാഥാര്‍ത്ഥ്യം അയാള്‍ക്കുള്‍ക്കൊള്ളേണ്ടി വന്നു.കഠിനമായ ആത്മനിന്ദയോടെ അങ്ങേയറ്റം ദയനീയമായി അയാള്‍ ആ ദുര്‍വിധി ഏറ്റുവാങ്ങി.

അസഹ്യമായ വിശപ്പ് അനുഭവപ്പെട്ടപ്പോള്‍ അയാള്‍ ഭാര്യയോട് ഭക്ഷണമൊരുക്കാന്‍ ആവശ്യപ്പെട്ടു.ഇംഗിതമറിഞ്ഞു പെരുമാറുന്നതില്‍ വിദഗ്ദ്ധയായ അവള്‍ അയാളുടെ താല്പര്യത്തിനനുസരിച്ച് ഭക്ഷണമേശ ഒരുക്കി അയാളെ ക്ഷണിച്ചു.വിശപ്പിനെ ജ്വലിപ്പിക്കുന്ന മണം ഭക്ഷണമേശയില്‍ പടര്‍ന്നു.എത്ര പ്രകോപനമുണ്ടായാലും ആര്‍ത്തിപിടിച്ച് ഭക്ഷിക്കുന്ന പ്രകൃതമല്ല അയാളുടേത്.അയാള്‍ സമചിത്തതയോടെ എല്ലാം നോക്കിക്കണ്ട് ക്രമേണ ഭക്ഷണത്തില്‍ സ്പര്‍ശിച്ചു.

അപ്പോഴാണ് അതു സംഭവിക്കുന്നത്.എത്ര ശ്രമിച്ചിട്ടും ചുണ്ടുകള്‍ ചലിപ്പിക്കാന്‍ പറ്റുന്നില്ല.വായ തുറക്കുന്നില്ല.അയാള്‍ പരമാവധി ശ്രമിച്ചുനോക്കി.കഴിയുന്നില്ല.വര്‍ദ്ധിച്ച നിരാശയോടെ, അതിലേറെ സങ്കടത്തോടെ,പെരുകിയ ആത്മനിന്ദയോടെ മനസ്സു തകര്‍ന്ന് അയാള്‍ ആദ്യമായി ആഹാരത്തിന്റെ മുമ്പില്‍ അടിയറവു പറഞ്ഞു.നിസ്സഹായനായി കയ്യിലെടുത്ത ആഹാരം പാത്രത്തിലേക്കു തിരിച്ചിട്ടു.

അപ്പോഴും വിശപ്പ് കത്തിക്കാളുകയാണ്.
ഒരു നിമിഷം കൊണ്ട് എന്താണ് തന്റെ ചുണ്ടുകള്‍ക്ക് സംഭവിച്ചത്?

അയാളുടെ ദൈന്യാവസ്ഥ കണ്ട് തികഞ്ഞ പക്വതയോടെ അവള്‍ ആഹാരസാധനങ്ങള്‍ മൂടിവെച്ച് ഭക്ഷണമേശ വെടിപ്പാക്കി.പക്ഷെ അത് അവളുടെ നിമിഷമാണെന്ന്,അവിടം മുതല്‍ അവളുടെ നിമിഷങ്ങള്‍ തുടങ്ങുന്നുവെന്ന് വല്ലാത്ത ഞെട്ടലോടെ അയാള്‍ മനസ്സിലാക്കി.

2 comments:

  1. ചിലപ്പോള്‍ അത് തിരിച്ചും സംഭവിക്കാം (അപൂര്‍വ്വമായെങ്കിലും)- അപ്പോള്‍ അവളുടെ ഉത്തരവാദിത്വം കൂടാതെ തരമില്ല. അല്ലെങ്കിലും കുറേ കഴിയുമ്പോള്‍ ഒരു അഡ്ജെസ്റ്റ്മെന്റായ് മാറും മൊത്തം ജീവിതം... ചിലര്‍ പിടിച്ചു നില്‍ക്കും ചിലര്‍ താത്ക്കാലിക സന്തോഷത്തിനായ് സ്ഥലം കാലിയാക്കും. പക്ഷെ ഒടുവില്‍...

    കൊള്ളാം. ഇഷ്ടപ്പെട്ടു.

    ReplyDelete
  2. വയസ്സ്‌ 43 അല്ലേ അയുള്ളൂ സുരേഷേ. പിന്നെന്തു പറ്റി?.

    ReplyDelete