Wednesday, 7 November 2007

ഇറച്ചി

അവസാനത്തെ അന്ധനും
ആഹരിച്ച ശേഷവും
ഇറച്ചി ബാക്കിയായി.
ഈണമില്ലാപ്പാട്ടുപോലെ.
ഉണര്‍ന്നിരിക്കുന്നതിനു തെളിവായി
ഊതുന്ന ഹൃദയം.
ഋഷിതുല്യമായ നിസ്സംഗതയോടെ
എവിടെയോ കിടക്കുന്നു.
ഏതാണ്ടിങ്ങനെയൊക്കെയാണ് ഇറച്ചിയുടെ നിയോഗം.
ഐതരേയത്തെയും വേണമെങ്കില്‍ കൂട്ടുപിടിക്കാം.
ഒന്നും ഓര്‍ക്കരുത്.
ഓരോ ഓര്‍മയും ഓരോ മരണമാണ്.
ഔദുംബരത്തിലെ മശകത്തിന്റെ കൌതുകം.
അം...
അമ്മയും ഇങ്ങനെ തന്നെയായിരുന്നു.

6 comments:

  1. സുരേഷ് ഐക്കര7 November 2007 at 7:39 am

    അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ ഒ ഓ ഔ അം അ

    ReplyDelete
  2. ആഹാ..കൊള്ളാമല്ലോ.

    ഔദുംബരത്തിലെ മശകം - അര്‍ത്ഥം എന്താണെന്ന് മനസ്സിലായില്ല..

    ReplyDelete
  3. എനിക്കൊന്നും മനസിലായില്ല.

    ReplyDelete
  4. വാണീ,
    ഔദുംബരത്തിലെ മശകം....ഇത്തിള്‍പ്പഴത്തിന്റെമേല്‍ ഇരിക്കുന്ന പ്രാണിക്ക് അതിനുപരിയായി മറ്റൊരു സുഖമില്ലെന്നു തോന്നും.(ഹരിനാമകീര്‍ത്തനം)അതാണ് ഇവിടെ ഉദ്ദേശിച്ചത്.
    വാല്‍മീകി,
    ഇറച്ചി എന്നത് പെണ്ണുടല്‍ ആണെന്നു സങ്കല്പിച്ച് ഒന്നുകൂടി വയിക്കൂ.

    ReplyDelete
  5. തൊട്ടുമുമ്പുള്ള കമന്റ്‌ വായിച്ചത്‌ കൊണ്ട്‌ കവിത ശരിക്കും മനസിലായി...

    നന്നായിരിക്കുന്നു..
    പെണ്ണുടലിന്റെ
    നിസഹായത
    നന്നായി വരച്ച്‌ ചേര്‍ത്തിരിക്കുന്നു...
    അഭിനന്ദനങ്ങള്‍

    ഓ ടോ:മനസിലാകാത്ത പദങ്ങള്‍
    കവിതയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അത്‌ സംവദിക്കാതെ പോകുന്നു എന്നത്‌ ഒരു യാഥാര്‍ത്ഥ്യമാണ്‌....

    ReplyDelete
  6. അമ്മയും ഇങ്ങനെ തന്നെ ആയിരുന്നു എന്ന് വായിച്ചു നിര്‍ത്തിയപ്പോള്‍ അതൊന്നു കത്തിയതാ. പിന്നെ ഏയ് അങ്ങനെയാവില്ല എന്ന് കരുതി വിട്ടു. നന്ദി.

    ReplyDelete