Thursday, 22 November 2007

കഥ അപൂര്‍ണം

ഒരെഴുത്തുകാരന്‍ ഡയറക്ട് മാര്‍ക്കറ്റിംഗ് ഫീല്‍ഡ് സ്റ്റാഫിന്റെ കദനകഥ എഴുതുകയാണ്.വീട്ടുകാരുടെ
ഉച്ചമയക്കത്തിലേക്ക് കോളിംഗ് ബെല്ലിന്റെ അലാറം അലറിപ്പിച്ച് അവരുടെ ശാപവാക്കുകള്‍ ഏറ്റുവാങ്ങുന്ന സെയില്‍‌സ് റെപ്രസന്റേറ്റീവ് അയാളുടെ ഉള്ളില്‍ വിങ്ങി വിതുമ്പി നിന്നു.നികൃഷ്ടവസ്തുവിനോടെന്നവണ്ണം പെരുമാറുന്ന ചില വീട്ടമ്മമാര്‍.ജീവിക്കാന്‍ വേണ്ടി വെയിലും മഴയും അവഗണിച്ച് വീടുവീടാന്തരം കയറിയിറങ്ങുന്ന ആ പാവങ്ങളോട് കൂടുതല്‍ ക്രൂരത കാണിക്കുന്നത് സ്ത്രീകളാണ് എന്നു സ്ഥാപിക്കുകയാണ് എഴുത്തുകാരന്റെ ലക്ഷ്യം.ഒപ്പം ഒരു റെപ്രസന്റേറ്റീവിന്റെ ദുരിതം നിറഞ്ഞ ജീവിതവും.
അയാള്‍ കഥ എഴുതി മുന്നേറവെ കോളിംഗ്‌ബെല്‍ മുഴങ്ങി.ഭാര്യ ബാത്‌റൂമിലാണ്.ഏകാഗ്രത നഷ്ടപ്പെട്ട ദേഷ്യത്തോടെ ഭാര്യയെയും സന്ദര്‍ശകനെയും ശപിച്ച് അയാള്‍ വാതില്‍ തുറന്നു.ഇരുകൈകളിലും ബാഗുകള്‍ പേറിയ ഒരു യുവാവ് അയാളെ വിഷ് ചെയ്ത് പറഞ്ഞുതുടങ്ങി:
“സര്‍,ഞാന്‍ ഒഡേസ ഇന്റര്‍‌നാഷണലീന്നു വരികയാണ്.ഞങ്ങളുടെ പ്രൊഡക്ട്സ് ഒന്നു പരിചയപ്പെടുത്തുന്നതില്‍ വിരോധമുണ്ടോ സര്‍?”
എഴുത്തുകാരന് ചൊറിഞ്ഞുവന്നു.അയാള്‍ നിന്നു കലിതുള്ളി.
“ഇറങ്ങിപ്പോണം മിസ്റ്റര്‍....ഓരോ ശല്യങ്ങള് വന്നു കേറിക്കോളും..മനുഷ്യനെ മിനക്കെടുത്താന്‍....”
പിന്നെയും താഴ്മയായി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്ന ആ യുവാവിന്റെ മുമ്പില്‍ വാതില്‍ ശക്തിയായി വലിച്ചടച്ച് അയാള്‍ എഴുത്തുമേശയിലേക്കു വന്നു.
പക്ഷെ അയാള്‍ക്ക് ഒരു വരി പോലും തുടര്‍ന്നെഴുതാന്‍ കഴിഞ്ഞില്ല.എത്ര ശ്രമിച്ചിട്ടും ആവുന്നില്ല.
അയാളുടെ ആ കഥ അപൂര്‍ണമായി കിടന്നു.

9 comments: