Monday, 29 October 2007

സോമന്‍

സോമന്‍ എന്റെ ആരുമായിരുന്നില്ല,കുരിശുകവലയില്‍ മുറുക്കാന്‍‌കട നടത്തുന്നയാള്‍ എന്നതൊഴികെ.
ഒരാഴ്ചയായി കട അടഞ്ഞുകിടന്നു.
സഹമുറുക്കാന്‍‌കാരനായ ചങ്ങാതിയോട് കാരണം തിരക്കിയപ്പോള്‍ തികച്ചും സാധാരണവും അപ്രധാനവുമെന്ന മട്ടില്‍ അയാള്‍ പറഞ്ഞു.
“നിങ്ങളറിഞ്ഞില്ലേ,സോമന്‍ മരിച്ചു.”
സോമന്‍ കാലിനു വേദന കൂടുതലായി ആശുപത്രിയിലാണെന്ന് അറിയാമായിരുന്നെങ്കിലും ഈ വാര്‍ത്ത ഞാന്‍ പ്രതീക്ഷിച്ചതല്ല.ഇട‌യ്ക്ക് മറ്റുചിലര്‍-തമ്പിയും ശിവരാമനും-കട തുറക്കുമായിരുന്നു.
ഉള്‍ക്കൊള്ളാനാവാത്ത ആ യാഥാര്‍ത്ഥ്യത്തിന്റെ നിസ്സഹായാവസ്ഥയില്‍ ഞാന്‍ ചുട്ടുപൊള്ളി.
രാഷ്ട്രീയം,സാഹിത്യം,സംഗീതം ഇവയൊന്നും സംസാരിക്കാന്‍ ഇനി സോമനില്ല!
ഒന്നു കരയണമെന്നുണ്ട്,അതിനും കഴിയുന്നില്ല.ഹൃദയത്തില്‍ കനത്ത ഭാരം വിങ്ങിനിറഞ്ഞു നില്‍ക്കുന്നു.
സോമന്‍ ഇതു പ്രതീക്ഷിച്ചു കാണുമോ?
ആശുപത്രിക്കിടക്കയില്‍ കിടന്ന് എപ്പോഴെങ്കിലും അയാള്‍ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവുമോ?
-അന്നുരാത്രി കടയടയ്ക്കുമ്പോള്‍ അനുഭവപ്പെട്ട അസഹ്യമായ കാലിനുവേദന എന്നെന്നേക്കുമായി തന്നെ കൊണ്ടുപോകാന്‍ വന്നതാണെന്ന്.മരണത്തിന്റെ ക്ഷണക്കുറിപ്പായിരുന്നു ആ വേദന എന്ന് അയാള്‍ക്കു തോന്നിയിട്ടുണ്ടാവുമോ?
ചികിത്സ കഴിഞ്ഞ് വീണ്ടും കടയില്‍ വരാം എന്ന വിചാരത്തിലാവില്ലേ അയാള്‍ ആശുപത്രിയില്‍ പോയത്?
കിഡ്‌നിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടുപോയത് ഏറെ വൈകിയാണറിഞ്ഞതത്രേ!
സോമന്‍ എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഒരു വിടവാണ്.മറ്റൊരാളോടു പറഞ്ഞുമനസ്സിലാക്കാന്‍ ആവാത്ത വിടവ്.
പക്ഷെ,ഇപ്പോഴും എനിക്കറിയില്ല,സോമന്‍ എനിക്ക് ആരായിരുന്നുവെന്ന്?
ആരോ..അതെ,മരണവാര്‍ത്ത കേട്ടു ദു:ഖം തോന്നാന്‍ മാത്രം അടുപ്പമുള്ള ആരോ ആയിരുന്നു എനിക്ക് സോമന്‍.

5 comments:

  1. വളരെ ശരിയാണ്.സമാന അനുഭവം എനിക്കുമുണ്ട്.

    ReplyDelete
  2. മരണം രംഗബോധം ഇല്ലാത്ത ഒരു കോമാളിയാണ്.

    ReplyDelete
  3. ചില വിടവുകള്‍ നികത്താന്‍ കഴിയാത്തവയാണ്

    ReplyDelete
  4. ഇവിടെ അടുത്തയിടയില്‍ ഒരു മലയാളി ദമ്പതികള്‍ അപകടത്തില്‍ പെട്ടു മരിച്ചു. ആരും തിരിച്ചറിയാതെ മോര്‍ച്ചറിയില്‍ ഒരു ദിവസം വച്ചിരുന്നു. പിന്നീട് ജോലിക്ക് ചെല്ലാതിരുന്നതിന്‍റെ കാരണമറിയാന്‍ കൂടെ ജോലിചെയ്യുന്നവര്‍ ആരോ അന്വേഷിച്ചു, അങ്ങനെ മോര്‍ച്ചറിയിലെ അജ്ഞാത ദേഹങ്ങളെ കുറിച്ചറിഞ്ഞു....

    നേരിട്ടു കണ്ടിട്ടില്ലാത്ത ആ ദമ്പതികള്‍ എന്‍റെയുള്ളിലും ഒരു മുറിവായതെങ്ങനെയെന്ന് ഇത് വായിച്ചപ്പോള്‍ മനസിലായി.

    ReplyDelete
  5. സോമനെ നേരിട്ടറിയില്ലെങ്കിലും എന്തോ ഒരു നഷ്ടബോധം ഉള്ളില്‍ത്തോന്നുന്നു.

    ReplyDelete